പവിത്രന്‍ തീക്കുനി/മനോജ്‌ കാട്ടാമ്പള്ളി












? 'കഴിഞ്ഞ തലമുറയിലെ കവി ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ രീതിയില്‍ നിന്ന്‌ വ്യത്യസ്തമായി ലളിതവും സാധാരണവുമായ ഭാഷയിലാണ്‌ പവിത്രന്‍ ആത്മാവിഷ്കാരം നടത്തുന്നത്‌' എന്ന അയ്യപ്പപണിക്കരുടെ നിരീക്ഷണം താങ്കളുടെ കവിതയെക്കുറിച്ച്‌ അത്രയേറെ ശരിയാണ്‌. ലാളിത്യത്തിന്റെ സൂക്ഷ്മതയെ തീവ്രമായ ഒരു കാവ്യബോധത്തിലേക്ക്‌ സംവഹിക്കുന്നുണ്ട്‌ അവ. എന്നാല്‍ ഈ ലാളിത്യം സമകാലിക കവിതയുടെ, മുഖ്യധാരയില്‍ നിന്ന്‌ താങ്കളെ ബോധപൂര്‍വ്വം അകറ്റിനടുന്നതായി തോന്നിയിട്ടുണ്ടോ?
എന്താണ്‌ കവിത എന്നതിന്‌ ഉചിതമായ ഉത്തരമില്ല. എന്നാല്‍ എന്തല്ല കവിത എന്നതിന്‌ ഉചിതമായ ഉത്തരം കൊടുക്കുന്നവനാണ്‌ കവി എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. മുഖ്യധാരാ വാരികകളില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ മാത്രമേ അടുത്ത കാലത്തായി അകറ്റിയിട്ടുള്ളൂ. അതെന്റെ കവിതയുടെ കുഴപ്പം കൊണ്ടാണ്‌ എന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല. രണ്ടു വര്‍ഷത്തിനുള്ളില്‍ മാതൃഭൂമിക്കയച്ച കവിതകളെല്ലാം ഖേദപൂര്‍വ്വം മടങ്ങി. പക്ഷെ സ്നേഹപൂര്‍വ്വം അവ കലാകൌമുദിയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.
കാന്‍സര്‍ വാര്‍ഡിലെ ബുദ്ധന്‍, പ്രാര്‍ത്ഥനയുടെ മനശ്ശാസ്ത്രം, ഷാപ്പിലെ പൂച്ചകള്‍, വഴി തുടങ്ങി പലരും കലാകൌമുദിയില്‍ നല്ലതെന്ന്‌ അടയാളപ്പെടുത്തിയ കവിതകള്‍. ഒരു സാധാരണക്കാരന്റെ ജീവിതത്തില്‍ നിന്നാണ്‌ ഞാനെഴുതുന്നത്‌. സാധാരണക്കാര്‍ക്ക്‌ വായിച്ചാല്‍ എന്റെ എഴുത്ത്‌ അവര്‍ക്ക്‌ മനസ്സിലാവണമെന്ന്‌ എനിക്ക്‌ നിര്‍ബന്ധമുണ്ട്‌. തീക്ഷ്ണമായ അനുഭവങ്ങളെ ലളിതമായ ഭാഷയില്‍ കോറിയിടുമ്പോള്‍ എന്നിലെ വായനക്കാരന്റെ സംതൃപ്തി ഞാനറിയുന്നുണ്ട്‌.

? കഥയ്ക്കും കവിതയ്ക്കുമിടയിലുള്ള ഒരു ഭാഷ പവിത്രന്റെ പല എഴുത്തുകളിലും ഇടപെടുന്നുണ്ട്‌. കവിതയായോ, കുഞ്ഞുകഥകളായോ വായിക്കാവുന്ന ലാളിത്യമുള്ള ഈ രചനകള്‍ യഥാര്‍ത്ഥത്തില്‍ കഥയില്‍ നിന്ന്‌ അകന്നുവന്ന ഒറു വഴിയായാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌. കഥ പവിത്രന്റെ കവിതയെ എത്രത്തോളം ദൃഢപ്പെടുത്തുന്നുണ്ട്‌?

പഴയ കവിതക്കൂടില്‍ നിന്ന്‌ നാം കഥകളാണ്‌ വായിച്ചെടുത്തത്‌ (ഉദാ: രാമായണം, കൃഷ്ണഗാഥ, മദ്ഗലന മറിയം....) പരിമിതമായ ആ വായനയില്‍ നിന്നും, ആദ്യം കഥകളെഴുതിത്തുടങ്ങിയ ആളെന്ന നിലയിലും (അവന്‍- മാതൃഭൂമി) കഥ എന്ന സങ്കല്‍പം എന്നിലുണ്ട്‌. കഥയില്‍ നിന്ന്‌ അകന്നു വന്ന ഒരു വഴിയാണ്‌ എന്ന മനോജിന്റെ അഭിപ്രായത്തോട്‌ മുക്കാല്‍ ഭാഗവും ചേര്‍ന്നു നില്‍ക്കുന്നു. ഞാനെഴുതുന്ന കുറിപ്പുകള്‍ ഇഷ്ടപ്പെടുന്ന എത്രയോ എഴുത്തുകാര്‍ മലയാളത്തിലുണ്ട്‌.

? കവിതയെക്കാള്‍ ജീവിതം ഏറെ ആഘോഷിക്കപ്പെട്ട കവിയാണ്‌ താങ്കള്‍. എങ്കിലും മനുഷ്യന്റെ വൈകാരികതയെ അതിതീവ്രമായി കവിതയില്‍ ആവിഷ്കരിച്ച്‌ സങ്കടങ്ങളുടെയും സ്വപ്നങ്ങളുടെയും ഒരിടവഴിയില്‍ നിശ്ചലഗാംഭീര്യത്തോടെ നിലനിര്‍ത്താന്‍ കഴിയുന്നുമുണ്ട്‌. കവിതയില്‍ ഇടയ്ക്കിടെ നിശ്ശബ്ദതയുടെ വേനല്‍മരങ്ങള്‍ വളര്‍ന്നുവലുതാകുമ്പോഴും, ജീവിതംപറച്ചിലുകളുടെ വേനല്‍മണങ്ങള്‍ വാനയക്കാരെ താങ്കളുമായി അടുപ്പിക്കുന്നുണ്ട്‌. കവിതയില്‍ നിര്‍മ്മിക്കാനാവാത്ത അനുഭവങ്ങളാണോ ഇങ്ങനെ ജീവിതം പറച്ചിലുകളായി അടര്‍ന്നുവീഴുന്നത്‌?

ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നതൊന്നും കവിതയ്ക്ക്‌ അന്യമല്ല. എനിക്ക്‌ ഈ വിലപ്പെട്ട നിര്‍ദ്ദേശം കിട്ടിയത്‌ സച്ചിദാനന്ദനില്‍നിന്നാണ്‌. ജീവിതം ആരോടും പറയരുതെന്ന്‌ എന്നെ വിലക്കിയത്‌ ലോഹിതദാസ്‌ ആണ്‌. ജീവിതം എഴുതുക മാത്രം എന്നാണ്‌ അദ്ദേഹം എന്നോട്‌ പറഞ്ഞത്‌. വായന, രാഷ്ട്രീയം, കാഴ്ചപ്പാട്‌, നന്മ, നീതി, പ്രണയം ഇവയൊക്കെ അനുഭവങ്ങളോട്‌ കൂടിച്ചേരുമ്പോഴാണ്‌ എന്നില്‍ കവിത പിറവിയെടുക്കുന്നത്‌.

? "നഗരക്കിടക്കയില്‍
തിമിര്‍ക്കും തിരപോലെ, കിതയ്ക്കുമെന്നമ്മയ്ക്ക്‌
മിഴിയിലും നിഴലിലും
കിണറുണ്ടായിരുന്നു."
നിരാര്‍ദ്രമായ ജീവിതത്തിന്റെ തുടര്‍ച്ചയായ പൊള്ളുകള്‍കൊണ്ട്‌ നിര്‍മ്മിച്ചവയായിരുന്നു കിണര്‍ ഉള്‍പ്പെടെയുള്ള ആദ്യകാല കവിതകള്‍. നിരന്തരമായ വേദനയുടെ കടല്‍നിറഞ്ഞ ഈ എഴുത്തുകള്‍ ആവര്‍ത്തനമായി തോന്നിയിട്ടുണ്ടോ? അവയില്‍ നിന്ന്‌ കുതറിമാറി ഒരു കാവ്യജീവിതം പവിത്രനിലെ കവി എത്രത്തോളം ആഗ്രഹിക്കുന്നുണ്ട്‌?

കവിതയിലെ ജീവിതമെഴുത്ത്‌ ആവര്‍ത്തനമായി വന്നിട്ടുണ്ടെന്ന്‌ സമ്മതിക്കുന്നു. അയ്യപ്പനെ വായിക്കുമ്പോള്‍ ഇങ്ങനെ എനിക്കും തോന്നിയിട്ടുണ്ട്‌. അതുകൊണ്ടു തന്നെ ഇടയ്ക്ക്‌ കുതറിമാറാന്‍ ബോധപൂര്‍വ്വം ശ്രമിച്ചിരുന്നു. പലരും പഴയ കവിതയുടെ തീവ്രത ഇല്ലെന്ന്‌ അറിയച്ചപ്പോള്‍, വീണ്ടും തീക്ഷ്ണമായ ജീവിത പരിസരങ്ങളിലേക്ക്‌ മടങ്ങുകയാണ്‌. ക്ഷതം, 'എത്രയും പെട്ടെന്ന്‌' തുടങ്ങിയ പുതിയ കവിതകള്‍ ആ മടക്കത്തിന്റെ തുടക്കമാണ്‌.

? മീന്‍കച്ചവടക്കാരനായ പവിത്രനെയാണ്‌ മാധ്യമങ്ങള്‍ ഇപ്പോഴും ദൃശ്യവല്‍ക്കരിച്ചുകൊണ്ടിരിക്കുന്നത്‌. പവിത്രന്റെ കവിതയുടെ ഉറവുകള്‍ ഈ തൊഴിലുമായി അത്രയേറെ ഐക്യപ്പെട്ടിരുന്നു എന്ന്‌ പറഞ്ഞാല്‍ നിഷേധിക്കുമോ? അതായത്‌, മീന്‍വില്‍പനക്കാലത്താണ്‌ പവിത്രന്‍ ഏറ്റവും തീക്ഷ്ണമായ കവിതകളെഴുതിയത്‌ എന്നത്‌ വസ്തുതയല്ലേ?

അത്‌ ശരിയല്ല. 99 ല്‍ ആണ്‌ എന്റെ ആദ്യ പുസ്തകമായ 'മുറിവുകളുടെ വസന്ത'മിറങ്ങുന്നത്‌. അന്നെനിക്ക്‌ മീന്‍കച്ചവടമുണ്ടായിരുന്നില്ല. ഞാന്‍ ഈ ജോലി ചെയ്തിട്ടുള്ളത്‌ മൂന്നരവര്‍ഷം മാത്രമാണ്‌. മുറിവുകളുടെ വസന്തത്തിലെ കവിതകളായിരുന്നു ഏറ്റവും തീക്ഷ്ണമായിരുന്നതെന്ന്‌ പല സുഹൃത്തുക്കളും നേരിട്ട്‌ പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌. മോശമല്ലാത്ത ഏതുതൊഴിലും ചെയ്യാന്‍ എനിക്ക്‌ സാധിക്കും.

? വേദനകള്‍ ഇരമ്പുന്ന ജീവിതാനുഭവങ്ങളാണ്‌ പവിത്രന്റെ കവിതയില്‍ പ്രക്ഷേപിച്ചുകൊണ്ടിരിക്കുന്നത്‌. കവിയുടെ ജീവിതമായി ചേര്‍ത്തുവായിക്കുമ്പോള്‍ മാത്രമാണ്‌ അവ കവിതയായി പരാവര്‍ത്തനം ചെയ്യപ്പെടുന്നത്‌ എന്നൊരു വിമര്‍ശനം താങ്കളുടെ കവിതയെക്കുറിച്ച്‌ പറഞ്ഞുകേട്ടിട്ടുണ്ട്‌.

ചങ്ങമ്പുഴ, വെയിലോപ്പിളി, പി.കുഞ്ഞിരാമന്‍ നായര്‍, അയ്യപ്പന്‍, ചുള്ളിക്കാട്‌... ഈ നിരയിലെ ഇങ്ങേയറ്റത്തെ ഒരു കണ്ണിയാണ്‌ ഞാന്‍. ഇവരുടെയെല്ലാം ജീവിതം നാം വായിച്ചിട്ടുണ്ട്‌. ഇവരെല്ലാം വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്‌. ഞാനും ഏറ്റുവാങ്ങുന്നു സന്തോഷപൂര്‍വ്വം... ഇനിയും പിറക്കാനിരിക്കുന്ന കവിതകള്‍ക്കുവേണ്ടി.
പുതിയ കവിതയിലെ ജീവിതമെഴുത്ത്‌ അത്രയൊന്നും തീവ്രമല്ലല്ലോ. തൊഴിലിടങ്ങളില്‍ കംപ്യൂട്ടറില്‍ കുറിക്കുന്ന ഹോബികളായിട്ടാണ്‌ അവ രൂപാന്തരപ്പെടുന്നത്‌ എന്നൊരു നിരീക്ഷണമുണ്ട്‌. യഥാര്‍ത്ഥത്തില്‍ മലയാള കവിതയുടെ ഭാവുകത്വപരിസരത്തെ ഒരു പരിധിയോളം ബ്ലോഗുകള്‍ പോലുള്ള ജനാധിപത്യപരമായ മാധ്യമങ്ങള്‍ പുതുമപ്പെടുത്തുകയും ചെയ്യുന്നില്ലേ?
ബ്ലോഗെഴുത്ത്‌ ഒരു തുറന്നലോകമാണ്‌. അതിന്‌ പരിധിയോ, അതിരുകളോ ഇല്ല. അവിടെ പുതുവെഴുത്തിന്‌ വേണ്ടത്ര ഇടങ്ങളുണ്ട്‌. അവിടെ നിന്ന്‌ ഖേദപൂര്‍വ്വം മടങ്ങിവരില്ല. പുതുകവിത സജീവമാണ്‌. ഇടയ്ക്ക്‌ കളകളുണ്ടെങ്കിലും മികച്ച വിളകളാണ്‌ പുതുവെഴുത്ത്‌. മനോജിനും, എനിക്കും ശേഷം വന്നിട്ടുള്ള എത്രയോ പുതുകവികളെ നമുക്ക്‌ എടുത്തു പറയാന്‍ കഴിയും.

? 'കുരുതിക്കുമുമ്പ്‌', '......', തുടങ്ങിയ കവിതകളിലെല്ലാം രാഷ്ട്രീയം തീവ്രമായി ഇടപെടുന്നുണ്ട്‌. രാഷ്ട്രീയം അഴിമതിയുടെയും കൊള്ളരുതായ്മകളുടെയും ഇടനിലമായി മലിനപ്പെടുമ്പോഴും താങ്കള്‍ അതില്‍ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്‌. രാഷട്രീയ സാമൂഹിക ജീര്‍ണ്ണതയുടെ വ്യഥകള്‍ എത്രമാത്രം താങ്കളിലെ കവിയെ ഉത്കണ്ഠപ്പെടുത്തുന്നുണ്ട്‌?

കലയ്ക്ക്‌ രാഷ്ട്രീയമുണ്ടെന്ന്‌ അംഗീരിക്കുന്ന ഒരാളാണ്‌ ഞാന്‍. കലയുടെ രാഷ്ടീയം, നന്മയുടെ രാഷ്ട്രീയമാണ്‌. സ്നേഹത്തിന്റെ രാഷ്ട്രീയമാണ്‌. സമാധാനത്തിനുവേണ്ടിയുള്ള പ്രതിരോധത്തിന്റെ രാഷ്ട്രീയമാണ്‌. ശാന്തസുന്ദരമായ പുലരികള്‍ പിറവിയെടുക്കുന്ന സ്വപ്നങ്ങളുടെ രാഷ്ട്രീയമാണ്‌. മാനവികതയില്‍ ഊന്നിയ പുരോഗമന ആശയങ്ങളെ നെഞ്ചേറ്റുന്ന ഒരു കവിയാണ്‌ ഞാന്‍... വലതുപക്ഷ മാധ്യമങ്ങളും, ചാനലുകളും ഈ ആശയങ്ങളെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ഇടപെടലുകളും പ്രചരണങ്ങളും നടത്തുന്നുണ്ട്‌. പക്ഷെ എല്ലാകാലത്തും ഇത്തരം ദുഷ്പ്രവണതകളെ അതിജീവിക്കാന്‍ പുരോഗമന ആശയങ്ങള്‍ക്ക്‌ സാധിച്ചിട്ടുണ്ട്‌. ഇനിയും സാധിക്കുമെന്നു തന്നെയാണ്‌ എന്റെ ഉറച്ച വിശ്വാസം.

? പെണ്‍ജീവിതം അങ്ങേയറ്റം അരക്ഷിതമായിരിക്കുന്നുവെന്നുറപ്പിക്കുന്ന വാര്‍ത്തകളാണ്‌ അനുദിനം പുറത്തുവരുന്നത്‌. മൂല്യങ്ങളെല്ലാം മൃഗീയതയുടെയും കമ്പോളവല്‍കൃത അരാജകത്വത്തിന്റെയും അനാശാസ്യ അടുപ്പങ്ങളിലേക്ക്‌ വളരുന്നു. കവിതയില്‍ തീവ്രമായ പെണ്‍ജീവിതങ്ങളെ താങ്കള്‍ ആവിഷ്കരിച്ചിട്ടുണ്ട്‌. മാറിയ വര്‍ത്തമാനത്തെ താങ്കള്‍ എഴുത്തിലൂടെ എത്രമാത്രം പ്രതിരോധിക്കുന്നുണ്ട്‌?

എന്റെ ശതമാനം കവിതകളും സ്തീപക്ഷ രചനകളാണ്‌. ഡോക്ടര്‍ ഷണ്‍മുഖന്‍ പുലാപ്പറ്റ ഈവിധം ഒരു പഠനം തന്നെ നടത്തിയിട്ടുണ്ട്‌.
അമ്മ, അമ്മൂമ്മ, അനിയത്തി, കാമുകി, ഭാര്യ... മക്കള്‍.... കളിക്കൂട്ടുകാരി... ഇവരെല്ലാം എന്റെ ജീവിതത്തില്‍ കടന്നുവന്നിട്ടുണ്ട്‌. ഇവരെക്കുറിച്ചെല്ലാം എഴുതിയിട്ടുമുണ്ട്‌. ഒരു സഹോദരിയുടെയും ജീവിതം തകരാതിരിക്കട്ടെ. കണ്ണുകള്‍ നിറയാതിരിക്കട്ടെ.

? ആദര്‍ശവല്‍ക്കരിച്ച കാപട്യത്തിന്റെ മുഖ്യധാരയാണ്‌ മാറിയ മലയാള സമൂഹം. ഈ കാപട്യത്തിന്റെ പ്രതിഫലനം നമ്മുടെ എഴുത്തുകാരെയും ബാധിച്ചിട്ടില്ലേ? എങ്ങനെ കാണുന്നു? അല്ലെങ്കില്‍ ഇതിന്റെ ഭാഗമായി നടക്കുവാന്‍ താങ്കളെപ്പോലൊരു പ്രക്ഷുബ്ധ യൌവ്വനത്തിന്‌ കഴിയുമോ?

എഴുത്തുകാരന്‍ പ്രസംഗിച്ചു നടക്കുന്നവനോ, മുഷ്ടിചുരുട്ടി അലറുന്നവനോ അല്ല. എല്ലാ അനീതിക്കുമെതിരെയുള്ള പോരാട്ടം എഴുത്തിലാണ്‌ നടത്തേണ്ടത്‌. മാറിയ മലയാളസമൂഹം ഉദാത്തമാണെന്ന്‌ എനിക്ക്‌ വിശ്വാസമില്ല. അതിന്റെ ന്യൂനതകളും മറ്റും, ആവിഷ്കാരത്തിലൂടെ ചൂണ്ടിക്കാണിക്കേണ്ടത്‌ എഴുത്തുകാരന്റെ കടമയാണ്‌.

2 comments:

valsan anchampeedika said...

പവിത്രൻ തീക്കുനി ഒന്നിന്റെയും ഭാഗമായി നടക്കേണ്ട. ആരുടെ അംഗീകാരത്തിനും കൈനീട്ടേണ്ട. എഴുത്തുകാരൻ അന്തിമമായി നന്മയുടെ ആവിഷ്കാരകനാണ് എന്നെഴുതിയല്ലോ. അതുമതി.ആയീരങ്ങളുണ്ടിവിടെ പവിത്രനെ വായിക്കാൻ. അവരിലൂടെ പവിത്രൻ വാഴ്ത്തപ്പെടും. നന്ദി മനോജിനും.

rahman kidangayam said...

valsan paranjathu shariyanu. pavithrane ishtappedan enikk "karutha kunnukal" enna kavitha thanne dharalam.

Post a Comment