വിഷ്ണുപ്രസാദ്













പശു എന്നെ നോക്കുന്നു
അതിന്റെ കണ്ണുകളില്‍ നിന്ന് സ്നേഹം
അതിന്റെ മുലക്കണ്ണുകളില്‍ നിന്ന് പാല്‍
ഞാനതിനെ തഴുകുന്നു
അതിന്റെ നെറ്റി
അതിന്റെ ആടി ചൊറിഞ്ഞുകൊടുക്കുന്നു.
എന്റെകൈ മാത്രം ഇറങ്ങിപ്പോയി
അതിനെ എല്ലായിടവും തലോടുന്നു
അത് നിന്നു തരുന്നു
ചുരത്തുന്നു
ഇപ്പോള്‍ ആകാശത്ത് നില്‍ക്കുന്നു
അതിന്റെ പാല്‍ പ്രപഞ്ചത്തെ മൂടുന്നു
ചിലപ്പോള്‍ പുരാതനമായ
എന്റെ തൊഴുത്തില്‍ അത്.

അത് ഉറങ്ങുന്നു-അയവെട്ടുന്നു
അതിന് എന്തിനീ കൊമ്പുകള്‍ ?
സൌമ്യതയ്ക്ക് എന്തിനീ...?
പച്ചപ്പുല്ല് നീട്ടുന്നു
അത് ചവച്ചുചവച്ച് എന്നെനോക്കുന്നു
എന്നെ നക്കുന്നു
ഞാന്‍ ഉറങ്ങുന്നില്ല
എവിടെയോ ഒരു മുറിവുണ്ട്
ഒരു അവയവം ഇറങ്ങിപ്പോയിട്ടുണ്ട്
ബോധത്തിന്റെ മിന്നല്‍‌വഴികളില്‍
എന്റെ പശു
അതിന്റെ കാല്‍ മാത്രം
അതിന്റെ വാല്‍ മാത്രം
അതിന്റെ കണ്ണുകള്‍ മാത്രം
ബാക്കിയെല്ലാം അതിനോടൊപ്പം ഉണ്ടാവാം.

അതെന്നെ സ്നേഹിക്കുന്നു
അതിന്റെ സ്നേഹം ഒരു നാക്കായി
ഇറങ്ങിവരുന്നു
എന്നെ നക്കുന്നു
എല്ലാ രാവുകളിലും
എല്ലാ പകലുകളിലും
എല്ലാ നിമിഷങ്ങളിലും
കണ്ണടച്ചാലും ഒരു പാല്‍‌വെളിച്ചത്തില്‍
ഞാന്‍ കിടക്കുന്നു
അത് എന്റെ അരികില്‍.
എനിക്ക് പിന്നെയും എന്തോ നഷ്ടമായിട്ടുണ്ട്
ഒരവയവം കൂടി കാണാതായിട്ടുണ്ട്
ഏതാണ് എന്ന് അറിയില്ല
കൂടുതല്‍ ചിന്തിക്കാന്‍ തോന്നുന്നില്ല
എന്റെ പശു
അതിന്റെ മുലകള്‍
അതിന്റെ പാല്‍
അതില്‍ ബോധമില്ലാതെ
എനിക്കു കിടക്കണം

ഞാനും അതും ഒഴിവുസമയങ്ങളില്‍
ചന്തയില്‍ പോകാറുണ്ട്
അപ്പോള്‍ അത് എന്നെപ്പോലെ
വസ്ത്രങ്ങള്‍ ധരിക്കും
രണ്ടുകാലില്‍ നടക്കും
സിഗരട്ട് വലിക്കും
ബാറിലിരുന്ന് മദ്യപിക്കും
ഞാനും എന്റെ പശുവും.
അത് ചോദിക്കും:
‘എന്നെക്കുറിച്ചെഴുതി
നിങ്ങള്‍ കവിയായി.
എന്നിട്ട് എനിക്കെന്ത്?
ചുമ്മാതെ എന്ന് അത് ചിരിക്കും
എനിക്ക്
എനിക്ക്
ഇനി അധികമൊന്നും നഷ്ടപ്പെടാനില്ല
കുറേ അവയവങ്ങള്‍ കാണാതായിട്ടുണ്ട്
ഓര്‍ക്കാന്‍ നേരമില്ല
പാല്‍ ഒഴുകുന്നു
അത് നില്‍ക്കരുത്
എനിക്ക് തലോടണം

കുട്ടികള്‍ പറയുന്നു:
എല്ലാ കീശകളും കാലിയാണ്
ഭാര്യ പറയുന്നു:
പ്രസവിക്കാത്ത ഒരു പശു
പാല്‍ തരുന്നുവെന്നത്
ഒരു വ്യാജഭാവന മാത്രമാണ്

എന്റെ പശു എന്നോട് പറയുന്നു
അതിനെ കൊന്നോളാന്‍...
ഞാനതിനെ കൊല്ലാന്‍ ശ്രമിക്കുന്നു
അപ്പോള്‍ അറിയുന്നു
ആയുധമെടുക്കാന്‍ എനിക്ക് കൈകള്‍ ഇല്ല.
അതിന്റെ അടുത്തേക്ക് നീങ്ങാന്‍
എനിക്ക് കാലുകള്‍ ഇല്ല
അത് ചിരിക്കുന്നു
അത് ചുരത്തുന്നു
ഇറങ്ങിപ്പോയ എന്റെ കൈ അതിനെ തലോടുന്നു
അതിപ്പോള്‍ എന്റെ കൈയല്ല
അതെന്നെ അനുസരിക്കില്ല
ഞാന്‍ പാലില്‍ ഉറങ്ങിക്കിടക്കുന്നു
എന്റെ പശു അരികില്‍ക്കിടന്ന് ചിരിക്കുന്നു
മിന്നല്‍‌വഴികളില്‍
അതിന്റെ കണ്ണുകള്‍ തെളിയുന്നു
ഞാന്‍ നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക്
അതിന്റെ ക്രൂരനോട്ടത്താല്‍
എടുത്തെറിയപ്പെടുന്നു
ഞാന്‍ കാണുന്നു
എന്നെക്കൊന്നിരിക്കുന്നു
എന്റെ ഇറച്ചി മുഴുത്ത മുട്ടിപ്പലകയില്‍ വെച്ച്
വെട്ടിക്കൊണ്ടിരിക്കുന്നു
എന്റെ ചോര തെറിക്കുന്നു
എന്റെ പശു അടുക്കളയില്‍
തിരക്കിട്ട് നടക്കുന്നു
എന്നെ കറിവെച്ച് തിന്നുകൊണ്ടിരിക്കുന്നു

10 comments:

നസീര്‍ കടിക്കാട്‌ said...

സുബൽ.കെ.ആർ ഇയാളുടെ കവിത (അവരുടെ ആകാശം അവരുടെ അടിവസ്ത്രങ്ങൾ)
http://varshikappathipp2012.blogspot.com/2011/11/blog-post.html
വായിച്ചിട്ടാണ് ഈ വർഷം പുലർന്നത് .

ദാ 2012 ന് വായിക്കുവാൻ
പശു എന്ന വിഷ്ണുപ്രസാദിന്റെ കവിതയുടെ രണ്ടാംഭാഷ-തമിഴിലല്ല-മലയാളത്തിൽ തന്നെ

menaka c senan said...

പശു ആണോ പശു റീലോഡഡ് ആണോ നല്ലത് ????

ഹരിശങ്കരനശോകൻ said...

ഈ പശുവിനെ പരിചയമുണ്ടെന്ന് തോന്നുന്നു

Jayesh/ജയേഷ് said...

പണ്ടത്തെ പശു ഇപ്പോഴും മനസ്സില്‍ അയവിറക്കുന്നുണ്ട്..അപ്പോള്‍ ദാ..പിന്നേം 2012 ഇലെ പശു..വിഷ്ണു മാഷേ...ഉമ്മ...

ചിത്ര said...

ഇഷ്ടപ്പെട്ടു മാഷേ..

വാല്‍ക്കഷ്ണം: പ്രസവിക്കാതെ പാല്‍ തരുന്ന ഒരു പശു എന്റെ ഒരു പരിചയക്കാരിയുടെ വീട്ടില്‍ ഉണ്ട് :)

P P RAMACHANDRAN said...
This comment has been removed by the author.
P P RAMACHANDRAN said...

വിഷ്ണുവിന്റെ ഒന്നാംപശു കയറുപൊട്ടിച്ച് ഓടിയിടത്തോളം ഈ രണ്ടാംപശു പോയില്ലെങ്കിലും ആഖ്യാനത്തിലെ വിവരണാത്മകതകൊണ്ടും പദവിന്യാസത്തിലെ ചടുലതകൊണ്ടും ആകര്‍ഷകമാണ് ഈ കവിത. പൊതുവേ അനുക്രമമായ ഒരു പതനത്തിലേക്കു നയിക്കുംവിധമാണ് വിഷ്ണുവിന്റെ ആഖ്യാനകവിതകള്‍. പശു, കോഴിയമ്മ തുടങ്ങിയ രചനകളില്‍ കവിയോടൊപ്പം ഒരു സമൂഹം മൊത്തത്തില്‍ പങ്കുചേരുന്ന അനുഭവപശ്ചാത്തലമുണ്ടായിരുന്നു. പിന്നെപ്പിന്നെ അത് സ്വന്തം കുടുംബാംഗങ്ങളോ താന്‍തന്നെയോ ആയി ചുരുങ്ങുന്നുണ്ടോ? എന്‍.ജി.ഉണ്ണികൃഷ്ണന്റെ പശുവിനെക്കുറിച്ച് പത്തുവാചകങ്ങള്‍ എന്ന കവിതയില്‍ കലാധരന്‍ എന്നു പേരുള്ള ഒരു അറവുകാരനെ പരിചയപ്പെടുന്നുണ്ട്.അദ്രമാന്‍ എന്നാണല്ലോ പൊതുവേ അറവുകാരുടെ പര്യായപദം!ഇവിടെ പശുതന്നെയാണ് അദ്രമാനാവുന്നത്. അപ്പോള്‍ ഇടശ്ശേരിയുടെ ഈരടികള്‍ക്ക് ഒരു പാരഡി എഴുതാന്‍ തോന്നുന്നു:
"അരിയില്ല തുണിയില്ല ദുരിതമാണെന്നാലും
പശു തിന്നാല്‍ നന്നോ മനുഷ്യന്മാരെ!"
നന്ദി,വിഷ്ണു, ഇങ്ങനെയൊക്കെ വിചാരിപ്പിച്ചതിന്.
പി.പി.രാമചന്ദ്രന്‍

Muyyam Rajan said...

എന്നെക്കുറിച്ചെഴുതി
നിങ്ങള്‍ കവിയായി.
എന്നിട്ട് എനിക്കെന്ത്?
ചുമ്മാതെ എന്ന് അത് ചിരിക്കും ?

അജിത് said...

വിഷ്ണു പശുവിനെ അയവിറക്കുമ്പോൾ…

ശ്രീകുമാര്‍ കരിയാട്‌ said...

പശുവിന്റെ അവയവങ്ങള്‍ കാണാതാകുന്ന ത്തിലെ കവിത ഇഷ്ട്ടം ....

Post a Comment