രാജേഷ് ചിത്തിര












മഴ,മഴയെന്നൊരു ചിതറല്‍
പള്ളിക്കൂട മുറ്റത്തേക്ക് ഓര്‍മ്മപ്പെട്ട്
പത്താം തരത്തിലിത്ര പേരോ സംശയിപ്പിച്ച്
ഹാള്‍ നിറയുന്ന യൂണിഫോമുകള്‍
ചിലമ്പലിനു മീതേ ലൂമിയറില്‍ നിന്ന്
സൂപ്പര്‍ താരങ്ങളില്‍ എത്തുമ്പോള്‍
രണ്ടായിപ്പിരിഞ്ഞ ബഹളമയം ‍
ഗള്ളിവറിന്റെ യാത്രയില്‍
സിനിമാ ക്ലബ്ബിന്റെ തേങ്ങയുടയ്ക്കല്‍.
ലില്ലിപ്പുട്ടിന്‍ ദൃശ്യങ്ങളില്‍ നിന്ന് ‍
ഉച്ചയൂണിന്റെ ആലസ്യം
നുരയുന്ന മുറിയില്‍ ലോകം
പങ്കുവച്ചിരിക്കുന്ന മൂന്നുപേരിലേക്ക്
തലേന്ന് റോഡിലേക്ക് ഉരുട്ടിവച്ച
കല്ലിന്റെ വലിപ്പത്തെ വരയ്ക്കുമ്പോള്‍
ഒന്നാമന്റെ വായില്‍ നിന്ന്
വെറ്റില ഞരമ്പുപൊട്ടി ചോര തെറിക്കുന്നു.
തലേന്ന് പൊട്ടിയ ഡൈനമിറ്റിന്റെ
പുകപോലെ നാടന്‍ ബീഡി പുക തുപ്പുന്നു.
വെറ്റിലയുടെ മൂപ്പിനേയും
അടയ്ക്കയുടെ ചെറുപ്പത്തെയും
ബീഡിയിലയുടെ ഘ്രാണത്തെയും
പറയാനായുന്നവരുടെ ചുണ്ടുകള്‍
ചേര്‍ത്തെടപ്പിച്ച് വയസ്സായൊരു ജീപ്പ്
പോലിസ്സെന്ന് നിശബ്ദതവാക്കുകള്‍.
വില്ലീസ്സിന്റെ ഒച്ചപൊലെ മൂന്നു തൊണ്ടകള്‍‍
ഇന്ത്രാ കാന്തി തുലയട്ടെന്ന് കാര്‍ക്കിക്കല്‍
എന്നാണൊന്ന് മാറ്റിനിയുടെ സ്വസ്ഥതയെന്ന്
ഉച്ചകള്‍ വേവലാതിപ്പെട്ടിരിക്കെ
ജയിലുകളില്‍ നിന്ന്
ലോക്കപ്പുകളില്‍ നിന്ന്
ഇനിയും മറക്കാത്ത നമ്മളുകള്‍
കണ്ടുറങ്ങുന്ന ചന്ത,പള്ളിക്കൂടങ്ങള്‍.
ജീവിതനൗക, അഴകുള്ള സെലീന
മുടിയായ പുത്രന്മാര്‍
വെട്ടിത്തിരുത്തപ്പെട്ട മൂവര്‍ക്കാഴചകളില്‍.
ചുരുങ്ങി,ചുരുങ്ങി പോകുന്ന മാറ്റിനികള്‍.
ചട്ടക്കാരി,വാഴ്വേമായം,കന്യാകുമാരി
വഴിമാറുന്ന സെക്ക്ന്റ് ഷോകള്‍
കമലഹാസനെ മന്ത്രിയാക്കണം
കമന്റടിക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കണം
നടുകെ കീറിയ കരിക്കിന്റെ റോഡുടല്‍
പാതിതുറന്ന ഷര്‍ട്ടിട്ട ജോസ്
വശം ചരിഞ്ഞ രവികുമാര്‍
ചുവരുകളില്‍ നിന്ന് കാറ്റിലേക്ക്
റോഡുമുറിച്ച് തെക്കോട്ടു പറക്കുന്ന നസീര്‍.
നടുത്തളങ്ങളില്‍ നിന്ന് ചായ്പുകളിലൂടെ
കാപ്പിത്തോട്ട നിഴലുകളിലേക്ക്
സായാഹ്ന വെയില്‍ പോലെ മൂന്നാളുകള്‍.
വരാന്തയിലൂടെ പിച്ചവെച്ച പ്രഭാതം
മുറികളിലേക്ക് നടന്നുകയറുന്ന നട്ടുച്ചകള്‍.
മുറികളില്‍ നിന്ന് അതിരുകളിലേക്ക്
നഗരത്തിലെ കല്യാണപ്പകലിനൊടുക്കം
രണ്ടുജന്മത്തിലെ കല്യാണസദ്യ
ഓര്‍മ്മിച്ചെടുന്നു ഊണ്മുറിയായൊരു
പഴയ കൊട്ടകയുടെ പുതിയമുറി
വെളിച്ചം നിലച്ചൊരു മുറിയില്‍നിന്ന്
വൈദ്യുതിയെ പഴിച്ച് ചിതറിപ്പോകുന്ന
കൂട്ടത്തെപ്പൊലെ സ്വയം പഴിച്ച്
ഓര്‍മ്മകളില്‍ നിന്നടര്‍ന്ന് മൂന്നാളുകള്‍
ചുവരിലെ ശാന്തതയിലേക്ക് മെല്ലെ മെല്ലെ.

1 comments:

ചിത്ര said...

ഒടുവിലത്തെ 20-22 വരികളില്‍ ആകര്‍ഷകമായ വിഷ്വലുകള്‍..

Post a Comment